ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് മറ്റൊരു പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം സ്വയം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇത്.
എന്നു പറഞ്ഞാല്‍ ഫോട്ടോ ലഭിക്കുന്ന ആളുടെ ലൈബ്രറിയിലേക്ക് അതു സേവ് ചെയ്യാനോ, ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല.
വാട്സാപ്പിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പേരെടുത്ത വാബീറ്റഇന്‍ഫോ ആണ്, വാട്ട്സ്ആപ്പ് ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവിട്ടത്.
ഈ ഫീച്ചര്‍ സിഗ്നലിലും, ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജില്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറിന് സമാനമാണ് ഇത്.
ഇതിനായി ആദ്യം നിങ്ങളുടെ ഗ്യാലറിയില്‍ നിന്നും ഒരു പടം അയക്കാന്‍ സെലക്ട് ചെയ്യുക. അതിന്റെ ക്യാപ്ഷന്‍ എഴുതാനുള്ള സ്ഥലത്തിന് അടുത്ത് തന്നെ ഒരു ക്ലോക്ക് ചിഹ്നം കാണാം. അയക്കുന്ന ചിത്രം ലഭിക്കുന്നയാള്‍ അത് കണ്ടയുടന്‍ മാഞ്ഞുപോകാനാണെങ്കില്‍ ഈ ക്ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ചിത്രം ലഭിക്കുന്നയാള്‍ കണ്ടശേഷം മാഞ്ഞുപോകുക മാത്രമല്ല അത് അയാളുടെ ഫോണില്‍ സേവ് ആകുകയും ചെയ്യില്ല. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് സാധ്യമായേക്കും.
അധികം വൈകാതെ അടുത്ത വാട്സ്ആപ്പ് അപ്ഡേഷനില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കും എന്നാണ് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്.

